Saturday, September 18, 2010

അവന്‍ വീണ്ടും വിളിക്കുന്നു

ശീതീകരിച്ച ഒരു ഇന്റര്‍നെറ്റ് കഫേക്ക് എന്തെല്ലൊം സാധ്യതകളുണ്ടെന്ന് എന്നെ പഠിപ്പിച്ചത് അവനായിരുന്നു. തണുപ്പില്‍ എന്റെ ഉടലിന്റെ ചൂടുതേടി അവന്റെ വിരലുകള്‍ അലഞ്ഞു നടന്നു. അന്ന് ഒരു മണിക്കൂറിന് മുപ്പതു രൂപയായിരുന്നു കഫേക്കാര്‍ ഈടാക്കിയിരുന്നത്. (ഇന്നിപ്പോള്‍ എത്രയാണാവോ? പുറത്ത് കഫേയില്‍ പേയിട്ട് അഞ്ചാറുകൊല്ലമായി. എന്റെ വീട്ടിലും ഓഫീസിലും ഇന്റര്‍നെറ്റുണ്ട്.) രണ്ടു മണിക്കൂറോളം കഫേയില്‍ ഇരുന്നിട്ടുണ്ട്. അത്രയും നേരം ഇതാണോ അനിര്‍വചനീയമെന്നു പറയുന്ന ആ അനുഭൂതി എന്ന് എന്നെക്കൊണ്ട് സംശയിപ്പിക്കും വിധം അവന്‍ എന്റെ ദേഹത്ത് എന്തൊക്കെയോ കാട്ടിക്കൂട്ടും. ആരെങ്കിലും കാണുമോ എന്ന പരിഭ്രാന്തി കാരണമാവാം എന്‍െ ഉടല്‍ അപ്പോഴൊന്നും ശരിക്ക് ഉണര്‍ന്നിരുന്നില്ല. അവന്റെ ഉമിനീരിന്റെ നനവ് മാത്രം എന്റെ ശരീരം അറിയും. പിന്നെ പകുതിമാത്രം മറയുന്ന കേബിനിന്റെ പുറത്തേക്കു പോവുമോ എന്ന് ഞാന്‍ പേടിക്കുന്ന അവന്റെ ഉച്ചത്തിലുള്ള നിശ്വാസങ്ങളും. ആ നിമിഷങ്ങളില്‍ അവന് ഒരു ജന്തുവിന്റെ രൂപഭാവങ്ങളായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എനിക്കു തോന്നുന്നു. അവന്‍ വേട്ടക്കാരനും ഞാന്‍ ഇരയുമായിരുന്നു. അവന് എന്നോട് ഉണ്ട് എന്ന ഞാന്‍ കരുതിയ പ്രണയത്തിന് ഞാന്‍ തിരിച്ചുകൊടുത്തത് അങ്ങനെയുള്ള ചില നേരങ്ങളാണ്. അതായിരുന്നു അവന് വേണ്ടിയിരുന്നത്. ഒരുപക്ഷേ അതു മാത്രമായിരുന്നു. ഇന്നു കുറച്ചുനേരം ഒന്നിച്ചിരിക്കാമെന്നു പറയുമ്പോഴെല്ലാം അടച്ചുറപ്പുള്ള ഒരു ഇടം തന്നെ അവന്‍ ഉറപ്പാക്കി. ചിലപ്പോള്‍ അത് തിയറ്ററാവാം. ഇന്റര്‍നെറ്റ് കഫേ ആവാം. എറണാകുളം ഷേണായീസില്‍ ടൈറ്റാനിക് കാണുമ്പോള്‍ അവന്‍ എന്നില്‍ കേറ്റ് വിന്‍സ്ലെറ്റിനെ തിരഞ്ഞു നടക്കുന്നത് ഞാനറിഞ്ഞിരുന്നു. പിന്നെയും ഏതൊക്കെയോ സിനിമകള്‍. പലതും ഓര്‍മയില്ല. പല പല കഫേകള്‍. ഓര്‍മയിലുള്ളത് പുറത്തുകേള്‍ക്കുമോ എന്നു ഞാന്‍ പേടിച്ച അവന്റെ അനാവശ്യമായ കിതപ്പുകളും ഉമിനീരിന്റെ നനവും ഉപ്പുരസമാര്‍ന്ന ഉമ്മകളും മാത്രം.ഞങ്ങള്‍ ഇരുവരും മാത്രമാവുന്ന ഇടനേരങ്ങളില്‍ അവന്റെ കണ്ണുകള്‍ എന്റെ മുഖത്ത് അലഞ്ഞു നടക്കും. ആ കണ്ണുകളില്‍ പ്രണയമുണ്ടായിരുന്നോ? ഇല്ലെന്നാണ് എനിക്കു തോന്നുന്നത്. ഉണ്ടായിരുന്നെങ്കില്‍ അവന്‍ എന്റെ കണ്ണുവെട്ടിച്ച് എന്റെ കൂട്ടുകാരികളുമായി കറങ്ങി നടക്കില്ലായിരുന്നല്ലോ. ഹോസ്റ്റലില്‍ വെച്ച് ഇത്തിരി ബിയര്‍ നുണഞ്ഞ(ഹോ ആ ബിയര്‍ സംഘടിപ്പിക്കാന്‍ പെട്ട പാട്!) രാത്രിയില്‍ ആഷ് ( അവളുടെ ശരിക്കുള്ള പേരു ഞാന്‍ പറയില്ല. പ്ലസ്ടു അധ്യാപികയാണ് അവള്‍ ഇപ്പോള്‍. അറിയാതെ പോലും അവള്‍ തിരിച്ചറിയപ്പെടാന്‍ പാടില്ല) പറഞ്ഞാണ് അറിഞ്ഞത് അവന്റെ ദൃഢതയെപ്പറ്റി. അവള്‍ അത് പരിശോധിച്ച് അറിഞ്ഞിരുന്നത്രെ. തിയറ്ററിന്റെ ഇരുട്ടില്‍ ചേര്‍ന്നിരിക്കുമ്പോള്‍ അവളെ പ്രകോപിപ്പിച്ചുകൊണ്ട് അവന്‍ ഉണരുന്നത് വിരലുകളില്‍ അവള്‍ അറിഞ്ഞിരുന്നുവത്രെ. അതു പറഞ്ഞ് അവള്‍ ഭ്രാന്തമായി പൊട്ടിച്ചിരിച്ചു. എന്നെ അസൂയപ്പെടുത്തിക്കൊണ്ട് എപ്പോഴും അനുസരണയോടെ ഒതുങ്ങി നില്‍ക്കാറുള്ള അവളുടെ മുടി ആ സ്പര്‍ശനത്തിന്റെ ഓര്‍മയില്‍ കാറ്റടിച്ച പനമരം പോലെ ഒന്ന് ഉലഞ്ഞു. എല്ലാ പരീക്ഷകളും കഴിഞ്ഞ്  ഹോസ്റ്റല്‍ വിടാനൊരുങ്ങുന്നതിന്റെ തലേന്ന് രാത്രി വെറും രണ്ടു കുപ്പി ബിയറില്‍ ഫിറ്റായ അഞ്ചുപേരും അതു കേട്ടതാണ്. ഞാനൊന്നും പറഞ്ഞില്ല. അവനെ കൊതിക്കാത്തവര്‍ ആ മുറിയിലെന്നല്ല ഹോസ്റ്റലില്‍ എന്നല്ല ആ കാമ്പസില്‍ തന്നെ കുറവായിരുന്നു. ഏതോ യവനദേവന്റെ ശില്‍പം പോലെ അവന്റെ ശരീരം ഞങ്ങളുടെ അകം നനയുന്ന കൌമാരസ്വപ്നങ്ങളില്‍ ഉദ്ധരിച്ചുനിന്നു.
ആഷിന് അറിയില്ലായിരുന്നു എനിക്ക് അവനോടുള്ള പ്രണയം. എന്തിന്, അവനു തന്നെ അത് അറിയില്ലായിരുന്നു. എന്നിട്ടല്ലേ ആഷിന്? എനിക്ക് അവനോടു മാത്രമായിരുന്നില്ല പ്രണയം. പൂക്കളോട്, ആകാശത്തോട്, നക്ഷത്രങ്ങളോട്, പറവക്കുഞ്ഞിനോട്, പൂച്ചക്കുട്ടിയോട് അങ്ങനെ എല്ലാറ്റിനോടും പ്രണയമായിരുന്നു. അതുകൊണ്ടാവണമല്ലോ അവന്‍ എന്നെ എളുപ്പം കീഴടക്കിയത്.
പലപ്പോഴും അവന്‍ ക്ഷണിച്ചിട്ടുണ്ട്, പകല്‍നേരങ്ങളില്‍ വീട്ടിലേക്ക്. അച്ഛനും അമ്മയും ഓഫീസിലാവും, ആരുമുണ്ടാവില്ല. ക്ലാസ് കട്ടുചെയ്ത് പതിനൊന്നു മണിക്കു വീട്ടിലെത്തിയാല്‍ മൂന്നു മണിവരെയെങ്കിലും വീട്ടിലിരിക്കാമെന്ന് പറഞ്ഞിരുന്നു അവന്‍. ധൈര്യമുണ്ടായിരുന്നെങ്കില്‍ ഞാന്‍ പോയേനെ. പോയാല്‍ എന്തു സംഭവിക്കുമെന്ന പേടിയും ഉണ്ടായിരുന്നു എന്നുകൂട്ടിക്കോളൂ. എന്റെ മെലിഞ്ഞ ഉടലിന്റെ വിശ്വരൂപം അവന് ഇഷ്ടമാവുമോ? വാതിലടച്ച് നിലക്കണ്ണാടിക്കു മുന്നില്‍ നഗ്നയായി നിന്ന് ആലോചിച്ചുനോക്കിയിട്ടുണ്ട്, അവനെ മോഹിപ്പിക്കാന്‍ എന്താണ് ഈ ഉടലില്‍ ഉള്ളതെന്ന്. പിന്നെ അധികം വൈകാതെ തന്നെ മനസ്സിലാക്കി. പെണ്ണായിരുന്നാല്‍ മതി. അവന് പല ശരീരങ്ങള്‍ കാണണം. ഡിഗ്രി പാതി വഴിയില്‍ നിര്‍ത്തി വക്കീലാവാന്‍ പഞ്ചവല്‍സര എല്‍.എല്‍.ബിക്കുപോയ പാലാക്കാരിയെയും അവനെയും ലുലു മൈമൂണില്‍ കണ്ട കാര്യം ഒരു സഹപാഠി പറഞ്ഞിരുന്നു. ഒരു മറവത്തൂര്‍ കനവ് കാണുകയായിരുന്നത്രെ അവര്‍. ആ പാലാക്കാരിക്ക് ഒരു ആണിനെയും പ്രലോഭിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങളാരും കരുതിയതല്ല. ഇസ്തിരിയിട്ടതുപോലെയുള്ള മാറിന്റെ പേരില്‍ അല്‍പസ്വല്‍പം അപകര്‍ഷതയുമുണ്ടായിരുന്നു അവള്‍ക്ക്. അവളില്‍ മൃദുലത തിരഞ്ഞ് അവന്‍ അന്ന് കണ്ടെത്തിയിട്ടുണ്ടാവുമോ? അതോ ടാര്‍ഗറ്റ് എണ്ണം തികയ്ക്കുകയായിരുന്നോ അവന്‍?. അറിയില്ല.
ഇത്രയും ഇവിടെ കുറിച്ചതിനു കാരണമുണ്ട്. ഈയിടെ ഓര്‍ക്കുട്ടില്‍ കുറേ പഴയ കൂട്ടുകാരെ കണ്ട കൂട്ടത്തില്‍ അവനെയും കണ്ടു. പിന്നെ ഈയിടെ ഒരാഴ്ചയായി അവന്‍ ജി^മെയിലില്‍ വരുന്നു. ചാറ്റില്‍ അവനെന്നെ വിടാതെ ചുറ്റിപ്പിടിച്ചുകൊണ്ടിരിക്കുന്നു. കണ്ടിട്ടു പത്തു വര്‍ഷത്തോളമായി. അവന് കാണണം എന്നുണ്ടത്രെ. അവനിപ്പോള്‍ ഇവിടെയുണ്ട്. ഈ മഹാനഗരത്തില്‍തന്നെ. ഭാര്യ പ്രസവത്തിനു വീട്ടില്‍ പോയിരിക്കുകയാണ്. മൂന്നുമാസത്തോളം വീട്ടില്‍ ആരുമുണ്ടാവില്ല. വരുന്നോ എന്ന് അവന്‍ ക്ഷണിക്കുന്നു.
ഇന്നത്തെ പോലെ ബ്രോഡ്ബാന്റ് സ്പീഡില്ലാത്ത, ഒരു മേക്ക്ഷിഫ്റ്റ് ബ്രോതല്‍ പോലെ നാലുവശവും മറച്ച ഇന്റനെറ്റ് കഫേയില്‍നിന്നുയരുന്ന ഒരു കാളക്കുറ്റന്റെ മുക്ര പോലെയുള്ള അവന്റെ കിതപ്പുകള്‍ എന്റെ ചെവിയില്‍ മുഴങ്ങി. അതിന്റെ മനംപുരട്ടുന്ന ഓര്‍മയില്‍ ഞാനൊന്നു പിടഞ്ഞു.